ആത്മീയ കൊളോണിയലിസവും, ആഭ്യന്തരവത്കരണവും; ഒമിദ് സാഫിയും ലോറൻസ് വെനൂറ്റിയും ഒന്നിക്കുന്ന ഇടം

വാസ്വിൽ മുജീബ്
Katib Thumb2

ജെന്നിഫർ ബാൻക്ക്സിന്റെ ട്വീറ്റ്  യാദൃശ്ചികമായാണ് വായിക്കാനിടയായത്. ആത്മീയത സങ്കൽപത്തിലെ മതകീയത, മതാതീയത തുടങ്ങിയ വിഭജന ചർച്ചകളെ സാഹിതീയ രീതിയിൽ മനസ്സിലാക്കൽ എളുപ്പമാണ്. മതാതീത ആത്മീയതയുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് മതകീയ പരിസരത്തിലേക്ക് ചേർത്ത് നോക്കുമ്പോൾ അത് ഊന്നൽ നൽകുന്ന ബാഹ്യ സൗന്ദര്യബോധവും സമാനമായ അനുഭൂതിമണ്ഡലവുമാണ്. രണ്ടിന്റെയും നിർമ്മാണാത്മക സ്വഭാവത്തെ സാഹിതീയ കൃതികളിൽ, പ്രത്യേകിച്ച് കാൽപനിക ചിന്തയിൽ കൂടുതൽ കാണാൻ കഴിയും. എന്നാൽ മതകീയ ചുറ്റുപാടിൽ നിന്നും ദർശിക്കുന്ന അനുഭവേദ്യമായ ആത്മീയതയേക്കാൾ താഴെയാണ് അവ നിലനിൽക്കുന്നത്. പലപ്പോഴും അത്തരത്തിലുള്ള വേർതിരിവിനെ മറികടക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മതകീയമായ പശ്ചാത്തലങ്ങൾ അത്തരം സാഹിത്യ ഗ്രന്ഥങ്ങൾ കൂട്ടുപിടിക്കാറുണ്ട്. ജെന്നിഫറിന്റെ ട്വീറ്റിലുള്ള രണ്ട് കാറ്റഗറിയെയും (മതാത്മകമല്ലാത്ത ആത്മീയത, ആത്മീയതയില്ലാത്ത മതാത്മകത) ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഒരു നിലക്ക് പറയാനാകും. മതാത്മകതയെ മതാതീയതയിലേക്ക് (secularisation) ചേർത്ത് വെക്കാനുള്ള ‘പരിശ്രമം’. പേർഷ്യൻ സൂഫി കാവ്യ സരണിയിൽ നിന്നും ഇത്തരത്തിലുള്ള കടമെടുക്കൽ പാശ്ചാത്യ സാഹിത്യ ലോകത്ത് ഇന്ന് വർദ്ധിച്ച് കൊണ്ടിരിക്കുന്ന പ്രവണതയാണ്. ആധുനികതയുടെ പ്രഹരമേറ്റ പ്ലൂരൽ കമ്മ്യൂണിറ്റിയുടെ ആശ്വാസ കേന്ദ്രമായിട്ടാണ് അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും. 

മതാതീത ആത്മീയത; പാഠഘടനയുടെ നവനിർമ്മാണ രീതികൾ

എലിഫ് ഷഫാക്കിന്റെ പ്രസിദ്ധമായ നോവൽ Forty Rules of Love ഈ പരിശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. യഥാർത്ഥത്തിൽ ഒരു ന്യൂതന മാതൃകയാണ് ഷഫാക്ക് തന്റെ ഗ്രന്ഥത്തിന്റെ ഘടനയിലൂടെ മുന്നോട്ട് വെക്കുന്നത്. കാരണം യഥാർത്ഥ ഇസ്ലാമിക മൂല്യങ്ങളൊന്നും പുസ്തകം ഉൾകൊള്ളുന്നില്ലെങ്കിലും റൂമിയോടും ഷംസ് തബ്രീസിയോടും ബന്ധപ്പെട്ടു കിടക്കുന്ന മൂല്യങ്ങളും സിദ്ധാന്തങ്ങളും ഉപയോഗിച്ച് തന്റെ അവിശുദ്ധ ബന്ധങ്ങളെ ന്യായീകരിക്കുന്നവളാണ് നോവലിലെ മുഖ്യ കഥാപാത്രം. സൂഫി നോവലെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന ഈ നോവലിന്റെ രചയിതാവിന് സൂഫിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും അറിവില്ലെന്ന് സുവ്യക്തം. ദൈവിക പ്രണയമല്ല ലൗകിക സ്നേഹമാണ് കഥയിലുടനീളം കാണാൻ കഴിയുന്നതും. ഇതെങ്ങനെ സൂഫി പ്രണയമാകും, സൂഫി നോവലിന്റെ ലേബലിലാകും. അതിനേക്കാൾ പ്രധാനമായ ചോദ്യം എന്തിന് സൂഫി എലമെന്റ്സ് പുസ്തകത്തിൽ ഉപയോഗിച്ചു എന്നതാണ്. ഈ ചോദ്യത്തെ നേരിടുമ്പോഴാണ് നേരത്തെ പറഞ്ഞ പശ്ചാത്തല നിർമ്മാണത്തിന്റെ ചർച്ചയിലേക്ക് വീണ്ടും നമ്മൾ ചെന്നെത്തുന്നത്.സൂഫിസത്തോടുള്ള ആഗോള താത്പര്യം യോഗാത്മക, കവിത സാഹിത്യങ്ങളിൽ സൃഷ്ടിച്ച വ്യവസായ താത്പര്യം ഇവിടെയും പ്രചോദനമാകുന്നത് കാണാം. ‘സൂഫി’ വ്യവസായത്തിന്റെ ഭൂരിഭാഗവും വിശ്വാസത്തെ പരസ്യമായി നിരസിക്കുന്ന അനുകരണികളാൽ നിറഞ്ഞ് നിൽക്കുന്നതോ, ഷഫാക്ക് ചെയ്തത് പോലെ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ബന്ധപ്പെട്ടതോ ആയിരിക്കും. അതേസമയം സൂഫിസത്തിന്റെ ലേബൽ ഉപയോഗിച്ച് ശൂന്യമായ ആത്മീയ ആശയങ്ങൾ കടമെടുത്ത് അലങ്കരിക്കാനുള്ള ശ്രമവും അതിന്റെയൊപ്പം കാണാം. സൂഫി വായനകളെ ആഴത്തിൽ അപഗ്രഥിച്ചവർ ഇതിന് കാരണമായി പറയുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ മതം ഉപേക്ഷിക്കുന്ന ശൂന്യതയ്ക്ക് ഒരു ഫില്ലർ ആവശ്യമാണ്. കൂടാതെ മുഴുവൻ മതത്തിൽ പെടുത്താതെ എന്തെങ്കിലും സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത പലരും എടുക്കുന്ന ജനപ്രിയ തീരുമാനവുമാണ് എന്നാണ്. Sufism – Lite എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഷഫാക്ക് പറയുന്നത് നോക്കുക, “Iam not a religious person at all. But I’m interested in spirituality and mysticism and inner oriented spiritual journeys all around the world.” നേരത്തെ ജെന്നിഫർ ബാൻങ്ക്സിന്റെ ട്വീറ്റിൽ പറഞ്ഞ രണ്ട് കാറ്റഗറിയെയും ഒന്നിപ്പിക്കാനുള്ള താൽപര്യം എന്ന് ഇതിനെയും ലളിതമായി വിളിക്കാം. 


സമാനമായ താൽപര്യവും ആശയവും മുൻ നിർത്തിയാണ് പേർഷ്യൻ സൂഫി കാവ്യങ്ങളെ തിരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തുന്നത് എന്നും കാണാൻ സാധിക്കും. ഒമർ ഖയ്യാം (Edward FitzGerald), ഹാഫിസ് ഷീറാസി (Danial Ladinsky), ജലാലുദ്ദീൻ റൂമി (Coleman Barks) തുടങ്ങിയവരുടെ വിവർത്തനങ്ങൾക്ക് സമാനമായ അനുഭവമാണ് കാണാൻ കഴിയുക. വ്യക്തി കേന്ദ്രീകൃത അന്വേഷണങ്ങളിലൂടെ ഒരു ആശയത്തെ പ്രതിഫലിപ്പിക്കാനുള്ള വിഫല ശ്രമമാണ് എന്ന് പറഞ്ഞ് തീർക്കാനുള്ളതല്ല ഈ വിവർത്തനങ്ങളൊന്നും. റുബാഇയ്യാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ എഡ്വേർഡ് ഫിറ്റ്സ് ജെറാൾഡിന്റെ ഒരു ഉദാഹരണം നോക്കാം. Ramazan as a fasting month എന്ന സന്ദർഭത്തിന് പകരം (രണ്ടാം പതിപ്പ്) which makes muslims unhealthy and unamiable എന്ന അടിക്കുറിപ്പ് അദ്ദേഹം നൽകിയതെന്തിനായിരിക്കും. ഒമർ ഖയ്യാമിന്റെ കവിത ഉദ്ധരിച്ച് ഡോ: വി സി ഹാരിസ് ഒരു കാര്യം പറയുന്നുണ്ട്. എഡ്വേർഡ് ഫിറ്റ്സ് ജെറാൾഡിനും ഒരു സിദ്ധാന്തമുണ്ട്. റുബാഇയ്യാത്തിന്റെ പരിഭാഷകളാണ് തന്നെ പ്രസിദ്ധിയുടെ നെറുകയിലെത്തിച്ചതെന്ന് ! ആംഗലേയ കവിതകളോടും കവികളോടും താരതമ്യം ചെയ്യുമ്പോൾ പേർഷ്യൻ കലയും കവിതയും ചെറുതാണെന്ന കൊളോണിയൽ ബോധം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. ഹാഫിസ് ഷീറാസിയുടെ കവിതകൾ പരിഭാഷപ്പെടുത്തുമ്പോൾ ലാഡിൻസ്കിയും, റൂമി കവിതകളിൽ കോൾമാൻ ബർക്സും ഇത്തരത്തിലുള്ള സ്വാധീന വലയത്തിൽ പെട്ടവരാണ്. എങ്കിലും ഇവരുടെ വിവർത്തനങ്ങളിലെ പ്രധാന ലക്ഷ്യമായി നേരത്തെ പറഞ്ഞ ഒന്നിപ്പിക്കാനുള്ള ശ്രമം കടന്നുവരുന്നത് സൂക്ഷ്മമായി മനസ്സിലാക്കാൻ സാധിക്കും. അതിന്റെ ഭാഗമാണ് അടിക്കുറിപ്പുകളിൽ കടത്തിവെക്കുന്ന തെറ്റിദ്ധാരണകൾ. ഹാഫിസ് ഷീറാസിയെ സ്വപ്നം കണ്ട മറ്റൊരു അനുഭവം ഡാനിയൽ ലാഡിൻസ്കിയും പറയുന്നുണ്ട്. സ്വയം താത്പര്യപൂർവ്വം തിരഞ്ഞെടുക്കുകയും, ആവശ്യമായ രീതിയിൽ പുനർനിർമ്മിക്കുകയും ചെയ്യുന്ന വരികൾക്ക് ലെജിറ്റിമെസി തേടാനുള്ള മാർഗമായി സ്വപ്നത്തെ കൂട്ടുപിടിക്കുകയല്ലെ എന്നത് സ്വഭാവികമായ അനുമാനങ്ങളാണ്. അല്ലെങ്കിൽ പോലും സ്വയം മറഞ്ഞ് കവിയെ പ്രതിഷ്ഠിക്കുന്ന അതിനേക്കാൾ വലിയ പിന്നാമ്പുറങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട്. ഇവിടെ കടമെടുക്കുന്നത് വ്യക്തികളെയും കൃതികളെയുമാണ്. അവരുടെ പശ്ചാത്തലത്തെ ഇല്ലായ്മ ചെയ്യലോടു കൂടിയുള്ള കടമെടുക്കൽ. ഓമിദ് സാഫിയും റോസീന അലിയും പങ്കു വെച്ചത് പോലെ ഒരു തരം ആത്മീയ കൊളോണിയലിസം (Spiritual Colonialism) രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമാണിത് എന്ന് പറയാനാണ് ഞാനും താൽപ്പര്യപ്പെടുന്നത്. കാരണം വിവർത്തന പഠനങ്ങളുടെ അദ്ധ്യാപനത്തെ കുറിച്ചുള്ള സമകാലീന പഠനങ്ങളുടെ പ്രധാന ആശങ്കകളിലൊന്നാണ് പ്രത്യയശാസ്ത്രത്തിൻ്റെ വിവർത്തനവും അധികാരവുമായുള്ള ബന്ധവും. അതനുസരിച്ച് നിലവിലെ പഠനങ്ങൾ വിവർത്തകരുടെ പ്രത്യയശാസ്ത്രപരമായ കൃത്രിമ (കൗശല) തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുകയും അവ ലക്ഷ്യമിട്ട സാമൂഹിക-സംസ്കാരിക പശ്ചാതലത്തിൽ നിന്നും പാഠപശ്ചാത്തലത്തിലേക്ക് അതിനെ നീക്കം ചെയ്യുന്നുമുണ്ട്. പാഠ (textual) സന്ദർഭ (contextual ) ഡാറ്റകളെ മാക്രോ (explored to illustrate the contetual background of the translation) മൈക്രോ (looked at the strategies applied in order to ideologically recontextualize the text) തലങ്ങളിലേക്ക് വേർതിരിച്ച് കൊണ്ടുള്ള പരിശോധനകൾ ഇന്ന് സുലഭമായി അക്കാദമിക ലോകത്ത് കാണാൻ സാധിക്കും. ലക്ഷ്യമായി കണ്ട സാമൂഹിക-സംസ്കാരിക സന്ദർഭത്തെ പിന്തുടർന്ന് കൂടുതൽ വായനക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിവർത്തകൻ യഥാർത്ഥ പാഠത്തെ ക്രൂരമായി വളച്ചൊടിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്തു എന്ന പൊതുവായ വിലയിരുത്തലുകൾ ഈ ഗവേഷണങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ വന്നു കഴിഞ്ഞു.

പാഠത്തിന്റെ പ്രത്യയശാസ്ത്ര മൂല്യ സാധുത; വിവർത്തനാനന്തര നിരീക്ഷണങ്ങൾ

ഏതൊരു പാഠത്തിലും ഔപചാരികമായി ഉണ്ടാകുന്ന മാറ്റം നിർദ്ദിഷ്ട പ്രത്യയശാസ്ത്രപരമായ ഫലങ്ങൾക്ക് കാരണമാകുമെന്ന് വിവർത്തനമേഖലയിലെ സമീപകാല പഠനങ്ങളും വിമർശനാത്മക വ്യവഹാരങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് വാൻ ഡിജ്ക് (Van Dijk) വാദിക്കുന്നുണ്ട്. സമാനമായ നിരീക്ഷണമാണ് പോസ്റ്റ് കൾചറലിസത്തിൻ്റെയും ഫങ്ഷണലിസത്തിൻ്റെയും സ്വാധീനത്തിൽ നിന്നുള്ള ആധുനിക വിവർത്തന പഠനങ്ങളിലും കാണാൻ കഴിയുന്നത്. ഏതൊരു വിവർത്തനവും സംഭവിക്കുന്നത് ഉറവിടപാഠത്തിൻ്റെ ഭാഷാപരമായ ഉപരിതലത്തിൽ നിന്നു കൊണ്ടു മാത്രമല്ല, മറിച്ച് ലക്ഷ്യ ഭാഷയുടെ മാനദണ്ഡങ്ങളും സാംസ്കാരിക ആചാരങ്ങളും പരിഗണിച്ച് പാഠത്തെ പുനക്രമീകരിക്കുകയാണ് (retextualised) വിവർത്തകൻ ചെയ്യുന്നത്. ഇവിടെ പേർഷ്യൻ സൂഫി കവികളുടെ കൃതികളുടെ പുനക്രമീകരണത്തിൽ അവരുടെ ഇസ്ലാം ഐഡൻ്റിറ്റി മായുന്നതിൻ്റെ പ്രത്യയശാസ്ത്ര വീക്ഷണത്തെ കാണാൻ സാധിക്കും. വെസ്റ്റിൻ്റെ സാമൂഹികതക്ക് ഉൾകൊള്ളാൻ കഴിയുന്ന ആത്മീയത സങ്കൽപത്തിലേക്ക് ചേർക്കുമ്പോൾ മാറ്റി നിർത്തപ്പെടേണ്ട ഒന്നാണ് മതം. മതാത്മക സംസ്കാരത്തിലേക്കുള്ള തിരിച്ച് പോക്കിനെക്കാൾ അത് നൽകുന്ന സുരക്ഷിതത്തെ മതാതീതമായി നിർമ്മിക്കാനുള്ള പാഠ ക്രമീകരണത്തിൻ്റെ ഭാഗമായി ഇതിനെ മനസ്സിലാക്കാം. ഉയർത്തിക്കൊണ്ടു വരുന്ന സംസ്കാരിക ഭൂതത്തെക്കാൾ ജനതയിൽ ആഴ്ന്നിറങ്ങിയ സങ്കൽപ്പത്തിലേക്ക് ഈ ക്രമീകരണം പാകപ്പെടുന്നതാണ് ഇത്തരം വിവർത്തനങ്ങൾക്ക് മാർക്കറ്റിങ് സൗകര്യം ഫലപ്രദമാകാനുള്ള പ്രധാന കാരണം.

യൂറോപ്യൻ സുഖവാദ ചിന്തക്കകത്ത് (Hedonism) ഒരു നിലക്കും കുടിയിരുത്താൻ കഴിയാത്ത മതാത്മകതയെ പുറത്തുചാടിക്കാനുള്ള കൊളോണിയൽ മാർഗ്ഗമായി സ്വീകരിക്കാവുന്ന മാർഗമാണ് കോളനിവത്കരണ കാലഘട്ടത്തിൽ അതിസൂക്ഷ്മം പ്രവർത്തിക്കുകയും ഫലവത്താക്കുകയും ചെയ്ത വിവർത്തന തന്ത്രം. കോൾമാൻ ബർക്സിൻ്റെയും എഡ്വേർഡ് ഫിറ്റ്സ് ജെറാൾഡിന്റെയും വിവർത്തന ഉദ്യമത്തിൽ അത് ആഴത്തിൽ കാണാൻ സാധിക്കും. ഒരു സമയം വരെ തങ്ങൾ വിവർത്തനം ചെയ്യുന്ന പേർഷ്യൻ സൂഫി കവികളെ അറിയാതിരിക്കുകയും സുഹൃത്ത് ആദ്യമായി ഒരു പുസ്തകം കൈമാറി ഇതിൻ്റെ കെട്ട് പൊട്ടിക്കണമെന്ന (സ്വതന്ത്ര്യമാക്കൽ) ദൗത്യമേൽപ്പിക്കുകയും ചെയ്യുന്നു. (റോബർട്ട് ബ്ലൈ ഒരിക്കൽ ആർബറിയുടെ റൂമി വിവർത്തനം ബാർക്സിന് നൽകിക്കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്, “These poems need to be released from their cages”). കവികളെ സ്വതന്ത്ര്യമാക്കലാണ് പ്രധാന ലക്ഷ്യം. സ്വതന്ത്ര്യമാക്കുന്നത് കവിതയെ രൂപപ്പെടുത്തിയ മത സ്വത്വത്തെയാണെന്നതാണ് പ്രധാനം. ഈ ഔപചാരികമാറ്റത്തിൻ്റെ അനന്തരഫലമാണ് മുസ്ലിം സൂഫി കവികൾ മതാതീത ആശയ വാഹകരായി ലോകത്ത് ചർച്ച ചെയ്യപ്പെടാനുള്ള കാരണം. വിവർത്തന ഘട്ടത്തിൻ്റെ ഏത് ഘട്ടത്തിലും ഭാഷാപരമായ പരിഗണനകളിൽ സംഭവിക്കുന്ന പ്രത്യയശാസ്ത്രത്തിൻ്റെയോ (Ideological nature) കാവ്യാത്മകതയുടെയോ (Poetological nature) നേരെയുള്ള സംഘർഷത്തിൽ കാവ്യാത്മകത വിജയിക്കുന്നത് ഇവിടെയും കാണൽ സാധ്യമാണ്. ആ മുൻകടക്കൽ സ്വാഭാവികതയിലാണെങ്കിൽ ഇവിടെ പിന്നിൽ മുന്നെ ഫലം നിശ്ചയിച്ചിരിക്കുന്ന ഐഡിയോളജി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രം.

ലോറൻസ് വെനൂറ്റി (Lawrence Venuti) മുന്നോട്ട് വെച്ച ആഭ്യന്തര വത്കരണം (Domestication)വിദേശ വത്കരണം (Foreignization) എന്നീ ആശയതലത്തിൽ നിന്നു കൊണ്ടുള്ള ആലോചനകളിലേക്ക് ഇതിനെ കൊണ്ടുവരാൻ സാധിക്കും.Text ൻ്റെ സംസ്കാരത്തിന് മാറ്റം വരുത്താതെ വിവർത്തനം ചെയ്യുക എന്ന അദ്ദേഹത്തിൻ്റെ ആശയം ആഭ്യന്തര വത്കരണ പ്രക്രിയയിൽ അസ്വസ്ഥരാക്കുന്ന പോസ്റ്റ് കോളോണിയൻ ചിന്തകന്മാർക്കിടയിൽ ശ്രദ്ധ പിടിച്ചു കഴിഞ്ഞിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം കോളനിവത്കൃത സമൂഹത്തിലെ വിവർത്തകന് സ്വയം ലഭിക്കുന്ന സ്വാതന്ത്ര്യത്തിനകത്ത് പാഠത്തെ വികലപ്പെടുത്താനുള്ള വിശാലമായ സാധ്യതയെ കാണാൻ സാധിക്കും. ആ സാധ്യത പാഠത്തിന്റെ ശക്തി പ്രയോഗവും ആധിപത്യവും (power of exercising and domination of a text) എന്ന ആശയത്തെ സൃഷ്ടിക്കുന്നതാണ്. അതാകട്ടെ യഥാർത്ഥ പാഠത്തിൻ്റെ പ്രത്യയശാസ്ത്ര മൂല്യത്തെ ബാധിക്കുമെന്ന് അവർ നിരീക്ഷിക്കുന്നു. ആ മൂല്യചോഷണം തന്നെയാണ് മതാത്മകതയെ കടമെടുത്ത് പുതിയ ‘യുഗ’ത്തിലേക്ക് കൊണ്ടുവരുമ്പോൾ ആത്മീയതക്ക് സംഭവിക്കുന്നത്. മതത്തിൻ്റെ വിശാലതയിലെ അത് നിലനിൽക്കൂ എന്ന ഉറപ്പുണ്ടായത് കൊണ്ടാകണം വിവർത്തനങ്ങളിലും പുതിയ ഘടന നിർമ്മാണങ്ങളിലും മതാത്മക കടന്നു വരുന്നത്. മതാതീത സംസ്കാരത്തിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളൊക്കെയും കൊളോണിയൽ യുക്തിയുടെ ഭാഗമായേ കരുതാനാകൂ. വിക്ടോറിയൻ ചിന്താ പരിസരത്തിൽ അതിന് വിശാലമായ സ്ഥാനവുമുണ്ട്. ബാസ്നെറ്റും (Bassnet) ലെഫെവറും (Lefever) പറഞ്ഞതുപോലെ, മറ്റെല്ലാ രചനകളെയും പോലെ വിവർത്തനത്തിന് ഒരിക്കലും നിരപരാധിയാകാൻ കഴിയില്ല. കാരണം, എല്ലായ്പ്പോഴും വിവർത്തനം നടക്കുന്ന ഒരു സന്ദർഭമുണ്ട്, ഒരു പാഠം ഉയർന്നു വന്ന ചരിത്രമുണ്ട്, കൈമാറ്റം ചെയ്യപ്പെടുന്നതിൻ്റെയും. ആ നിരപരാധിത്വമാണ് മതാത്മകതയെ മതാതീയതയിലേക്ക് പറിച്ച് നടുമ്പോഴും തെളിഞ്ഞു കൊണ്ടിരിക്കുന്നത്. പുതിയ വിവർത്തന പഠനങ്ങളും, അന്വേഷണങ്ങളും അതിന് കാരണമായിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *