നവോത്ഥാനാന്തരം ചരിത്രമെഴുത്തിനുള്ള ഓറിയൻറൽ രീതിശാസ്ത്രങ്ങളിൽ HCM (HISTORICAL CRITICAL METHOD) വലിയ സ്വാധീനം ചെലുത്തുന്നതായി കാണാം. അഥവാ ചരിത്രത്തിലുള്ള ഏതൊരു ആശയത്തെയും പ്രത്യേകിച്ചും മത ശാസ്ത്രങ്ങളിൽ സംശയാത്മക നിലപാട് സ്വീകരിക്കുന്ന വെബറിയൻ ചിന്തയാണ് HCM ന് ആധാരം. ദൈവിക സഭകളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്ത ഈ രീതിശാസ്ത്രം ഇസ്ലാമിക ശാസ്ത്രങ്ങളിൽ കടന്നുവരുന്നത് പ്രത്യേകിച്ചും സീറ ലിറ്ററേച്ചറിൽ ആധുനികതയ്ക്കും രണ്ടു നൂറ്റാണ്ടുകൾക്കു ശേഷമാണ്. തിരുനബിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആദ്യ ഓറിയന്റൽ പഠനം രചിക്കപ്പടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. പതിനാറാം നൂറ്റാണ്ടിലെ പഴയ കൈയ്യെഴുത്തു പ്രതികളെ അടിസ്ഥാനമാക്കിയുള്ള സീറയുടെ സ്രോതസ്സുകളെ കണ്ടെടുക്കുന്നതിനിടയിലാണ് സീറ ലിറ്ററേച്ചറിൽ ഗഹനമായ പഠനം ഗസ്റ്റവ് വെയ്ൽ (Gustav Veil) 1843 ൽ മുന്നോട്ട് വെക്കുന്നത്. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ക്രോഡീകരിക്കപ്പെട്ട താരീഖു ത്വബ്റാനി, ത്വബഖാത്തു ഇബ്നു സഅദ്, സീറത്തു ഇബ്നു ഹിഷാം, അൽ വാഖിദിയുടെ മഗാസി തുടങ്ങിയ എക്കാലത്തേയും മികച്ച ക്ലാസിക്കുകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മികച്ച രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതും വായിക്കപ്പെട്ടതും ഗസ്റ്റവ് വെയ്ലിൻ്റെ രചനയിലൂടെയാണ്. എന്നാൽ സീറ ലിറ്ററേച്ചറിലെ ക്ലാസിക് കൃതികൾ ക്രോഡീകരിച്ചത് തിരുനബി (സ) യുടെ വഫാത്തിന് ശേഷം രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണെന്നത് പടിഞ്ഞാറൻ ബയോഗ്രഫിക് രചനകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ചില കൃതികളുടെ നിവേദക ശൃംഖല തിരുനബിയുടെ കാലത്തിലേക്കോ മറ്റു മുൻകാല സ്രോതസ്സുകളിലേക്കോ പരിചയപ്പെടുത്താൻ സാധിക്കാതെ പോകുന്നുവെന്ന നിരീക്ഷണം അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ സ്രോതസ്സുകളിലെ വ്യത്യാസത്തെ മുൻനിർത്തി ഒരു വിമർശനാത്മക പുനർനിർമ്മാണത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയായിരുന്നു ഓറിയന്റൽ സീറാ പഠനങ്ങൾ.
സ്രോതസ്സുകളുടെ വിമർശനം : വഴിയും രീതിയും
ഓറിയന്റൽ പഠനങ്ങളിലെ ഒപ്റ്റിമിസ്റ്റിക്ക് നിലപാടിനെ പൊളിച്ചെഴുതിക്കൊണ്ടാണ് 1890 ൽ ഇഗ്നാസ് ഗോൾസിയറുടെ മുഹമ്മദൻ സ്റ്റഡീസ് എന്ന പഠനം പുറത്തു വരുന്നത്. ഹദീസുകളിൽ മിക്കതും പിൽക്കാല രചനയായതിനാൽ തന്നെ സീറ ലിറ്ററേച്ചറിനുള്ള ചരിത്ര സ്രോതസ്സായി അവകളെ ഉപയോഗിക്കാവുന്നതല്ല എന്ന് ഗോൾസിയർ പറഞ്ഞു വെക്കുന്നു. നിയമ സ്രോതസ്സുകളെ മുൻനിർത്തിയാണ് ഗോൾസിയറുടെ പഠനങ്ങളെങ്കിലും പിൽക്കാല സീറാ ലിറ്ററേച്ചറിൽ അവ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ ഗോൾസിയറുടെ സംശയാത്മക നിലപാട് പല പടിഞ്ഞാറൻ രചനകളും പിന്തുടരുകയുണ്ടായി. ഹെൻറി ലാമ്മൻസിന്റെയും ( Henry Lammens ) ലിയോൺ കാറ്റെണിയുടെയും (Leone Caetani) പഠനങ്ങൾ ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്. കാലക്രമേണയും സ്ഥല നിബിന്ധവുമല്ലാത്ത ഒരു രേഖയെ അടിസ്ഥാനമാക്കി ചരിത്രാന്വേഷണത്തിന് മുതിരുന്നത് പ്രായോഗികമല്ലെന്ന് അവർ വാദിച്ചു. എങ്കിലും ഈ തീവ്ര സംശയാത്മകത (radical skepticism) സീറ ലിറ്ററേച്ചറിൽ താരതമ്യേന ചുരുക്കം ചിലരുടെ പഠനങ്ങളിലായി ഒതുങ്ങുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്ലാസിക്കൽ സീറകൾ വ്യാപകാർത്ഥത്തിൽ പുറത്തിറങ്ങുകയും പ്രചരിക്കപ്പെടുകയും ചെയ്തപ്പോൾ ഓറിയന്റൽ വായനകൾ വിമർശനാത്മകമെങ്കിലും അവയെ അവലംബമാക്കാൻ മുന്നോട്ട് വന്നിരുന്നു. 1952 ൽ പുറത്തിറങ്ങിയ Regis Blachere ന്റെ Errors in biographic critique എന്ന പഠനം അതിനൊരു മികച്ച ഉദാഹരണമാണ്.
ഹദീസുകളെ ചരിത്രാന്വേഷണത്തിനുള്ള സ്രോതസ്സുകളായി പരിഗണിക്കാവുന്നതല്ല എന്ന വാദം ജോസഫ് ഷത്തിലൂടെ (Joseph Schaat) വീണ്ടും സജീവമാകുന്നത് ഏതാണ്ട് ഇതേ കാലയളവിലാണ്. നബി തങൾക്ക് ശേഷം രണ്ടാം നൂറ്റാണ്ടിലെ നിയമശാസ്ത്ര – ദൈവശാസ്ത്ര – രാഷ്ട്രീയ വികസനങ്ങളുടെ ഭാഗമാണ് അവയുടെ നിർമ്മാണമെന്ന് ഷത്ത് The origins of Muhammedan Jurispedence എന്ന തൻ്റെ പുസ്തകത്തിൽ മുന്നോട്ട് വെക്കുന്നു. മുസ്ലിം പരമ്പരകളെ മുൻ നിർത്തിയാണ് പൊതുവേ ഷത്തിന്റെ വിശകലനം നടക്കുന്നതെങ്കിലും ചില സീറ – മഗാസി പഠനങ്ങൾക്കും ഷത്ത് തന്റെ രീതികൾ പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഷത്തിന്റെ വാദങ്ങൾക്ക് സീറ, മഗാസി സ്പെഷ്യലിസ്റ്റുകൾ വേണ്ടത്ര ചെവി കൊടുത്തിരുന്നില്ല. പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം വില്യം വാട്ട് (William Montgomery Watt) സീറ ലിറ്ററേച്ചറിലേക്ക് കുറച്ച് കൂടി വിശാലവും മികച്ചതുമായ രചന സംഭാവന ചെയ്യുകയുണ്ടായി. ഷത്തിന്റെ വാദങ്ങൾ സീറ ലിറ്ററേച്ചിൽ വിശകലന വിധേയമാക്കുന്നത് പ്രായോഗികമല്ലെന്ന് വാട്ട് ചൂണ്ടിക്കാട്ടി. Rudi Paret , Maxime Rodinsor തുടങ്ങിയവരെ പോലെയുള്ള ബയോഗ്രഫേഴ്സ് വാട്ടിനെ ശക്തമായി അനുകൂലിക്കുന്നുമുണ്ട്. Rodinsor തന്റെ ‘മുഹമ്മദ് ‘ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതുന്നു: ഏത് ഹദീസ് സ്രോതസ്സുകളിൽ നിന്നും പ്രവാചക ജീവിതം പുനരാവിഷ്കരിക്കൽ ചരിത്രപരമായ സാധുതക്ക് വിധേയമാണ്.
എഴുപതുകൾക്ക് ശേഷം സീറ ലിറ്ററേച്ചറിൽ ഷത്തിന്റെയും ഗോൾസിയറുടെയും വാദങ്ങൾ പലരും ഏറ്റുപിടിക്കുകയുണ്ടായിഹദീസുകളെ അടിസ്ഥാനമാക്കി സീറ രചന അസാധ്യമാണെന്നവർ മുന്നോട്ട് വെച്ചു. ജോൺ വാൻസ്ബ്രോ (John Wansbrough) തന്റെ The Sectarian Milieu എന്ന രചനയിൽ ഹദീസുകളെ അവലംബയോഗ്യമല്ലെന്ന് വിധിയെഴുതി. മൈക്കൽ കുക്കും പട്രീഷ്യ ക്രോണും സമാനമായ സംശയാത്മക നിലപാട് അമുസ്ലിം സ്രോതസ്സുകളെ മുൻനിർത്തി വിശകലന വിധേയമാക്കുന്നുണ്ട്. മൈക്കൽ കുക്കിന്റെ The Mohammed (1983) എന്ന പുസ്തകത്തിന്റെ സ്രോതസ്സുകൾ ഖുർആനും മറ്റു തനിഷ്ട രേഖകളും മാത്രമായിരുന്നു. തൽഫലം ചരിത്രപരമായി ഒരു ബയോഗ്രഫി പ്രവാചകന് എഴുതൽ അസാധ്യമാണെന്ന് അവർ വിധിയെഴുതി.
സംശയാത്മക നിലപാട് സ്വീകരിക്കുന്ന ഓറിയൻറലിസ്റ്റുകൾ ഖുർആൻ ഹദീസ് ബയോഗ്രഫിക്കൽ ഡിക്ഷനറി തുടങ്ങിയ സ്രോതസ്സുകളിലൂടെ വിവരങ്ങൾ കൈമാറുന്നതിലും സൂചികയായി നൽകുന്നതിലും ആശയങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതായി കാണാം. ഓരോ സ്രോതസ്സുകളെയും വിശകലനം ചെയ്യുകയാണെങ്കിൽ അവയുടെ ആധികാരികത കൃത്യമായി രേഖപ്പെടുത്താനാകും. മുസ്ലിം ലോകത്ത് ഒന്നടങ്കം സ്വീകാര്യതയുള്ള ഒന്നായതിനാൽ തന്നെ വിശുദ്ധ ഖുർആനിനെ സീറ ലിറ്ററേച്ചറിലെ പ്രധാന സ്രോതസ്സായിട്ടാണ് മുസ്ലിം പണ്ഡിതർ പരിചയപ്പെടുത്തുന്നത്. ഖുർആനിൽ നിന്നുള്ള ഒരു അവതരണം ഇങ്ങനെ വായിക്കാം : അടിമകളെ മോചിപ്പിക്കൽ നബിതങ്ങളുടെ പുണ്യ ചര്യയായി പരിചയപ്പെടുത്തുന്ന ഒരു ഭാഗം. എന്നാൽ ഓറിയൻറൽ പഠനങ്ങളിൽ അടിമയെ വാണിരുന്ന യജമാനനായിട്ട് പരിചയപ്പെടുത്തുന്ന കൃതികൾ ധാരാളമാണ്. റോബർട്ട് സ്പെൻസറിൻ്റെ (Robert Spencer) പഠനങ്ങൾ ഇത്തരത്തിൽ ഖുർആൻ സ്രോതസ്സായിട്ട് വരുന്ന സീറകളെയാണ് ഉന്നം വെക്കുന്നത്.
ഹദീസുകൾ സ്രോതസ്സ് ആയിട്ട് വരുന്ന കൃതികളും ഇത്തരം ഓറിയൻറൽ വിമർശനങ്ങളിൽ നിന്ന് മുക്തമല്ല. സ്വഹീഹായ ഹദീസുകൾക്ക് കൂടുതൽ പരിഗണന മുസ്ലിം പണ്ഡിതർ നൽകുന്നുണ്ടെങ്കിലും സ്വഹീഹല്ലാത്ത ഹദീസുകൾ പല ഘട്ടങ്ങളിലും നിബന്ധനകളോട് കൂടെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഓറിയൻറൽ പഠനങ്ങൾ സ്വഹീഹല്ലാത്ത ഹദീസുകളെ പാടെ തള്ളിക്കളയുന്നതായി കാണാം. നബി ചരിതത്തിൻ്റെ പൂർണ്ണമായ ചിത്രം മനസ്സിലാക്കാൻ സ്വഹീഹായവയെ മാത്രം അവലംബമാക്കുന്നത് ശ്രമകരമാണെന്നതിൽ സംശയമില്ലല്ലോ.
മറ്റൊരു പ്രധാന സ്രോതസ്സാണ് തിരുനബി പങ്കെടുത്ത യുദ്ധ ചരിത്രങ്ങൾ (Maghazi tradition). ഓറിയൻറൽ പഠനങ്ങളിൽ ഇന്ന് സജീവമായ ചർച്ചകൾ മഗാസിയെ അടിസ്ഥാനമാക്കി നടക്കുന്നുണ്ട്. നബി തങ്ങൾ യുദ്ധക്കൊതിയനായിരുന്നു എന്ന വിമർശനത്തിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനങ്ങളായിരുന്നു ആദ്യ കാല ഓറിയൻറൽ വായനകളിൽ ഉണ്ടായിരുന്നതെങ്കിലും ഇസ്ലാമിൻറെ യുദ്ധ സംബന്ധിയായ കരാറുകളെയും രീതിശാസ്ത്രങ്ങളെയും മുൻനിർത്തിയുള്ള നല്ല പഠനങ്ങളും അക്കാദമിക് ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. സീറയിലെക്ലാസിക്കുകളെ കുറിച്ചുള്ള പഠനങ്ങളും വ്യത്യസ്തമല്ല. സീറത്തു ഇബ്നു ഹിശാമിലും മറ്റു ക്ലാസിക്കൽ സീറകളിലും പരിചയപ്പെടുത്തുന്ന ഹദീസുകൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ട സ്വിഹാഹു സിത്തയിലെ പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ കാണാതെ പോകുന്നു എന്നത് ചരിത്രത്തെ മുൻ നിർത്തി പ്രവാചക ജീവിതത്തെ അടയാളപ്പെടുത്തുന്നതിന് തടസ്സമാണെന്ന് ഓറിയൻറൽ പഠനങ്ങളിൽ കാണാം.
സ്രോതസ്സുകൾ വായിക്കേണ്ട വിധം
ആധുനികകാലത്ത് സീറ ലിറ്ററേച്ചർ നേരിടുന്ന വെല്ലുവിളിയെ ഇങ്ങനെ വായിക്കാം. ചരിത്രപരമായി പ്രവാചകൻ്റെ ബയോഗ്രഫി എഴുതാൻ അതിൻറെ സ്രോതസ്സുകളെ വിമർശന വിധേയമാക്കാതിരിക്കുക എന്നതും അല്ലെങ്കിൽ സ്രോതസ്സുകളെ വിമർശന വിധേയമാക്കുമ്പോൾ തന്നെ ചരിത്രപരമായി ഒരു ബയോഗ്രഫി എഴുതുക എന്നതും അൽപ്പം ബുദ്ധിമുട്ടാണ്. സ്രോതസ്സുകളുടെ ഘടനയും പരമ്പരകളും അക്കാലത്തെ വിവരങ്ങൾ പിൽക്കാലത്തുള്ളവർക്ക് അറിയിക്കലുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടാം. അത്തരം ശ്രമങ്ങൾ ബയോഗ്രഫികളിൽ വ്യത്യസ്തമാകുന്നത് അവയുടെ ആധികാരികതയെ ചോദ്യം ചെയ്യാവുന്നതുമല്ല. കൃത്യമായ വിവരണത്തിനും ആഖ്യാനത്തിനും താത്വികമായ അടിത്തറയുണ്ടെന്നതിൽ സംശയമില്ല. എല്ലാ ചരിത്രകാരന്മാർക്കും അറിയുന്നത് പോലെ പരമ്പരകളുടെ വിവര കൈമാറ്റങ്ങൾക്ക് പല വിധ പരിമിതികളുമുണ്ട്. പ്രവാചകരെ കുറിച്ചുള്ള വിവര കൈമാറ്റങ്ങൾ പ്രാഥമികമായും അദ്ദേഹത്തിന്റെ ജനതയിൽ തന്നെയാണ് എന്നത് ചരിത്രാന്വേഷണത്തിന്റെ രീതിയെ വഴി തെറ്റിക്കുകയില്ല. അത്തരം മുൻധാരണകളോട് രാജിയാവൽ പ്രത്യേകിച്ചും ബയോഗ്രഫികളിൽ അത്യന്താപേക്ഷികമാണ്. പടിഞ്ഞാറൻ ചർച്ചകളിൽ പ്രധാനമായും കാണാൻ കഴിയുന്ന ചില ചർച്ചകളാണ് ഇവ. 1: പ്രവാചകരുടെ ബയോഗ്രഫികൾക്ക് തഫ്സീറുകളുടെ സ്വഭാവമാണുള്ളത് , അഥവാ ഇസ്ലാമിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളിലെ ഖുർആൻ പഠനങ്ങളുടെ ആമുഖമായി അവയെ കാണേണ്ടിയിരിക്കുന്നു. 2: ബയോഗ്രഫികൾക്ക് ദൈവശാസ്ത്രത്തിന്റെ പിൻബലത്തിലാണ് എടുക്കപ്പെട്ടിട്ടുള്ളത്. അത് ചരിത്രത്തെ ദൈവിക ദർശനങ്ങളിൽ നിന്നുള്ള അപനിർമ്മാണത്തിന് വിധേയമാക്കും. 3: ഖുർആനിന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി കാൽപ്പനികമായി ആഖ്യാനിച്ച പരമ്പരകളാണ് ബയോഗ്രഫികളിൽ അടങ്ങിയിട്ടുള്ളത്. പ്രധാനമായും ബയോഗ്രഫികളെ എഴുതുന്നതിനു വേണ്ടിയുള്ള സ്രോതസ്സുകളെ വ്യവസ്ഥാപിതമായി ആവിഷ്കരിക്കാൻ സാധിക്കാതെ പോയതാണ് ഇത്തരം പ്രശ്നങ്ങൾ കൊണ്ടുവരുന്നത്. മാത്രമല്ല പടിഞ്ഞാറൻ ബയോഗ്രഫികൾ തന്നിഷ്ടപ്രകാരം സ്രോതസ്സുകളെ തിരഞ്ഞെടുക്കുന്നതും കൃത്യമായ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താതതിന്റെയും ഫലമാണ് ഇത്തരം വിമർശനങ്ങളുടെ പിന്നാമ്പുറം. മറ്റൊരു കാരണം ഖുർആൻ ഹദീസ് ശാസ്ത്രങ്ങളിൽ നിലവിൽ വന്നിട്ടുള്ള രീതിശാസ്ത്രങ്ങൾ സ്വീറ ലിറ്ററേച്ചറിലേക്ക് ഈ അടുത്ത കാലത്ത് മാത്രമാണ് പരിചയപ്പെടുത്തിയത്. ഇസ്നാദ് കം മത്ന് അനാലിസിസ് പോലെയുള്ള രീതിശാസ്ത്രങ്ങൾ ബയോഗ്രഫിക് പാരമ്പര്യങ്ങളിലും വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു. കൂടാതെ ഇത്തരം ചരിത്രാന്വേഷണ ബയോഗ്രഫികൾക്ക് മുൻകാല സ്രോതസ്സുകളിലെ ചിലതിനെ മാത്രം ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. എല്ലാ മുൻകാല സ്രോതസ്സുകളെയും വിശകലന വിധേയമാക്കാൻ വേണ്ടി ശ്രമിക്കുന്നതോടൊപ്പം പിൽക്കാല രചനകളെയും പരിഗണിക്കുമ്പോഴാണ് സീറയുടെ സ്രോതസ്സുകൾ നിരൂപിക്കുന്നതിൽ സാംഗത്യമുള്ളൂ. ചരിത്രമെഴുത്തിനുള്ള രീതിശാസ്ത്രത്തിൽ ഓറിയൻറൽ പഠനങ്ങൾ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഇവ പറഞ്ഞുവെക്കുന്നു.